02:09am 12 November 2026
NEWS
ചെങ്ങന്നൂർ നഗരസഭയിൽ ഇത്തവണ തീപാറുന്ന ത്രികോണ മത്സരം
29/11/2025  04:36 PM IST
nila
ചെങ്ങന്നൂർ നഗരസഭയിൽ ഇത്തവണ തീപാറുന്ന ത്രികോണ മത്സരം

ചെങ്ങന്നൂർ: 27 വാർഡുകളുള്ള ചെങ്ങന്നൂർ നഗരസഭയിൽ ഇത്തവണ തീപാറുന്ന ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. 85 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. നിലവിൽ യുഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ ഭരണം നിലനിർത്താൻ യുഡിഎഫും തിരിച്ചുപിടിക്കാൻ എൽഡിഎഫും സീറ്റ് വർധിപ്പിച്ച് അധികാരം പിടിക്കാനായി ബിജെപിയും രംഗത്തുണ്ട്.
​നഗരസഭയിലെ ഭൂരിഭാഗം വാർഡുകളിലും ശരാശരി മൂന്ന് സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. വാർഡ് 11-ൽ അഞ്ച് സ്ഥാനാർഥികൾ മത്സരിക്കുന്നത് പോരാട്ടത്തിന്റെ ചൂട് വർധിപ്പിക്കുമ്പോൾ
​ ഏറ്റവും കുറവ് സ്ഥാനാർഥികളുള്ള വാർഡ് 17-ൽ മത്സരത്തിനു തീവ്രത കുറവാണ് ഇവിടെ എൽഡിഎഫിനും യുഡിഎഫിനും മാത്രമാണ് സ്ഥാനാർഥികൾ ഉള്ളത് . എൻഡിഎയ്ക്ക് സ്ഥാനാർഥി ഇല്ല. മത്സരാർഥികളിൽ 53 പേർ വനിതകളാണ്. ബാക്കി 32 പേർ പുരുഷന്മാരും.
​നഗരസഭാ ഭരണം നിയന്ത്രിച്ച ആറ് പ്രമുഖരാണ് ഇത്തവണ വീണ്ടും മത്സരരംഗത്തുള്ളത്. നിലവിലെ ചെയർപേർസൺ അഡ്വ. ശോഭ വർഗീസിന് പുറമെ, മുൻ ചെയർമാൻമാരായ രാജൻ കണ്ണാട്ട്, മറിയാമ്മ ജോൺ ഫിലിപ്പ്, സൂസമ്മ ഏബ്രഹാം, സുജ ജോൺ, ഷിബു രാജൻ എന്നിവരും തങ്ങളുടെ രാഷ്ട്രീയ ഭാവി പരീക്ഷിക്കുന്നു.നിലവിൽ ഭരണം കൈയാളുന്ന യുഡിഎഫ് അധികാരം നിലനിർത്താൻ സർവ സന്നാഹങ്ങളുമൊരുക്കി രംഗത്തുണ്ട്.
കഴിഞ്ഞ കൗൺസിലിൽ മൂന്ന് കൗൺസിലർമാർ മാത്രമുണ്ടായിരുന്ന എൽഡിഎഫ് ഇത്തവണ ഭരണം പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ്. എൽഡിഎഫിൻ്റെ വിജയത്തിനു ചാണക്യ തന്ത്രങ്ങൾമെനയുന്നത് മന്ത്രി സജി ചെറിയാൻ തന്നെയാണ്. ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാതെ കൂടാതെ ഭൂരിഭാഗം വാർഡുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ കൗൺസിലിൽ ആറ് സീറ്റുകളുണ്ടായിരുന്ന എൻഡിഎ സീറ്റുകൾ വർധിപ്പിച്ച് ഭരണം പിടിച്ചെടുക്കാനുള്ള  തന്ത്രവുമായാണ് കളത്തിലുള്ളത്. എന്നാൽ, എൻഡിഎയ്ക്ക് എല്ലാ വാർഡുകളിലും സ്ഥാനാർഥികളില്ല.
​മുന്നണികളുടെ വിജയപ്രതീക്ഷകൾ വാനോളമുയരുമ്പോൾ, നഗരസഭ ആര് ഭരിക്കുമെന്നറിയാൻ കൗണ്ടിംഗ് ദിനം വരെ കാത്തിരിക്കേണ്ടിവരും. നിലവിലെ കക്ഷിനില : യുഡിഎഫ്: 17 ലെ ഒരു സ്വതന്ത്ര അംഗം മരിച്ചു എൻഡിഎ : 7 എൽഡിഎഫ്:3

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.